Story - 3 weeks ago

കല്യാണം കഴിഞ്ഞു എട്ടുമാസം കഴിഞ്ഞപ്പോൾ തളർന്നു കിടക്കുന്ന ഭാര്യ.ഭർത്താവിനെ രണ്ടാമത്തെ കല്യാണം കഴിക്കാനുള്ള സമ്മതം വാങ്ങാൻ വേണ്ടി അവളുടെ റൂമിലേക്ക് പറഞ്ഞു വിട്ട് കുടുംബക്കാർ.എന്നാൽ ആ ഭാര്യ പറഞ്ഞ മറുപടി കേട്ട് ഭർത്താവും കുടുംബക്കാരും ഒന്നടങ്കം പൊട്ടി കരഞ്ഞു പോയി

രചന: Unais Bin Basheer

രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ആലോചിക്കാനോ.. സഫിയ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ ഇക്കാ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്. എന്റെ മനസാക്ഷി അതിന്സമ്മതിക്കോ.
പിന്നെ..
ജീവിതകാലം മുഴുവൻ ഇങ്ങനെ ജീവിച്ചുതീർക്കാനാണോ നീ ഉദ്ദേശിക്കുന്നെ.
നോക്ക് ഷാനു, നീ ഇപ്പോഴും ചെറുപ്പമാണ്. മുന്നിൽ ഒത്തിരി ജീവിതം ഇനിയുമുണ്ട്. അത് ജീവിച്ചു തീർക്കാനുള്ളതാണ് അല്ലാതെ…
സഫിയ നല്ല പെണ്ണാ. എപ്പോഴും നിന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്നവൾ. അതുകൊണ്ടു തന്നെ അവളിതും സമ്മതിക്കും.
നിനക്ക് ബുദ്ധിമുട്ടാവുമെങ്കിൽ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം അവളെ. ഇതും പറഞ്ഞു ഇക്ക അവൾ കിടക്കുന്ന റൂമിലേക്ക് പോയി.

വെറും എട്ടുമാസം മാത്രമേ ആയുള്ളൂ സഫിയ എന്റെ ജീവിതത്തിലേക്ക് വന്നിട്ട്, ആ കുറച്ചു കാലയളവിൽ തന്നെ കുടുംബത്തിലെ എല്ലാര്ക്കും പ്രിയപ്പെട്ടവളായി അവൾ. എനിക്ക് ഉത്തമഭാര്യയായി. ഉമ്മയില്ലാത്ത എനിക്ക് ഒരു ഉമ്മയുടെ വാത്സല്യം തന്നു. എന്നെ എല്ലാം മറന്നു സ്നേഹിച്ചു.
പക്ഷെ..
ഒരു തലകറക്കം, അത്രേ ഉണ്ടായിരുന്നുള്ളു.
ഷാനു നീയൊന്ന് പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് വന്നേ.. സഫിയ ഒന്ന് തലകറങ്ങി വീണു എന്ന ഇക്കയുടെ ഫോൺ വന്നതും ഞാൻ ഓടിക്കിതച്ചു ആശുപത്രിയിലെത്തി അപ്പോഴാണ് അറിയുന്നത് ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു മാലാഖ വരുന്നത്തിന്റെ അടയാളമായിരുന്നു അതെന്ന്. ഞാനൊരു ഉപ്പയാകാൻ പോകുന്നു എന്ന്. സന്തോഷം കൊണ്ട് മതിമറന്ന നിമിഷം. അവളെ ചേർത്തുനിർത്തി നെറ്റിയിൽ ചുണ്ടമർത്തി.
അവളെ കൊഞ്ചിച്ചും ലാളിച്ചും ശകാരിച്ചും ആദ്യ രണ്ടുമാസം പോയതറിഞ്ഞില്ല.

അങ്ങനെയിരിക്കെയാണ് എന്നെ തേടി വീണ്ടും ഇക്കയുടെ ഫോൺകോൾ വരുന്നത്. സഫിയക്ക് പിന്നെയും ഒരു തലകറക്കം, കേട്ടമത്രയിൽ ഓടിച്ചെന്നത്തിയത് ഇനിയൊരിക്കലും എഴുനേൽക്കാൻ കഴിയാത്ത ആഴത്തിലേക്ക് സഫിയ വീണുപോയതും വിടരും മുന്നേ പൊലിഞ്ഞുപോയ എന്റെ മാലാഖക്കുട്ടിയുടെ മരണ വർത്തയുമായിലേക്കുമായിരുന്നു. ഭൂമി തലകീഴെ മറിയുന്ന പോലെ തോന്നി എനിക്ക്.
പക്ഷെ അപ്പോഴും ഞാൻ തളർന്നില്ല. സഫിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം എന്ന ചിന്ത മാത്രമായിരുന്നു അപ്പോഴെനിക്ക്.

ചികിത്സയും പ്രാർത്ഥനയുമായി ദിവസ്സങ്ങൾ കഴിഞ്ഞുപോയി.
രോഗമറിയാതെ ഡോക്ടറും മരുന്നുകളും പരാജയപ്പെട്ടപ്പോൾ കൊണ്ടുചെല്ലുന്ന ഹോസ്പ്പിറ്റലുകളെല്ലാം അവളെ കയ്യൊഴിഞ്ഞു. അങ്ങനെയിരിക്കെയാണ് അവളുടെ കൂടെ പഠിച്ച ഡോക്ടർ ശീതളിനെ കാണുന്നത്. അവരിലൂടെ അവൾക്ക് ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങിയെങ്കിലും അതൊന്നും ഒരിക്കലും അവളെ എഴുനേറ്റ് നടത്താനാവുമെന്ന് ഒരുറപ്പും ഇല്ലായിരുന്നു.
ജീവനുണ്ടെന്ന് തെളിയിക്കുന്നത് തന്നെ ചെറിയ ശബ്ദത്തിലുള്ള അടഞ്ഞസംസാരവും കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരും മാത്രം.

വേണ്ട ഇക്ക. ഇനിയെന്നെ ഒരിടത്തും കൊണ്ടുപോകണ്ട. പേടിപ്പെടുത്തുന്ന മരുന്നിന്റെ മണംകേട്ട് മടുത്തു. അല്ലേലും ഇനി എത്ര ദിവസ്സം എന്നുകരുതിയാ..
എനിക്ക് ഇവിടെ കിടന്നു മരിക്കാനാ ഇഷ്ടം. ഇക്കാടെ മടിയിൽ ഇക്കാടെ തലോടലേറ്റ്..
അങ്ങനെ ആവുമ്പോൾ എനിക്ക് മരണത്തിന്റെ വേദന അറിയില്ല.

ഓരോ തവണ ഹോസ്‌പിറ്റലിൽ നിന്നും കൊണ്ടുവരുമ്പോഴും അവളെന്നോടിത് ആവർത്തിച്ച് പറയും. അപ്പോഴെല്ലാം അവളുടെ കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങുന്നുണ്ടാവും.

അവൾക്ക് ഇനി ഒരു തിരിച്ചുവരവുണ്ടാവില്ല എന്നുറപ്പായതുമുതലാണ് എല്ലാവരും എന്നെ മറ്റൊരു കല്യാണത്തെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്..
പക്ഷെ അത് അവളോട് പറയാനുള്ള ധൈര്യമില്ലാത്ത പോലെ. ഇത്രയും നാൾ സുഖവും സന്തോഷവും തന്നവളെ ആപത്തുകഘട്ടത്തിൽ കയ്യൊഴിയുന്ന ഒരു നീചനാവുമോ എന്ന പേടിയും, എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

ഷാനു..
പിന്നിൽ നിന്നും ഇക്കയുടെ വിളികേട്ടപ്പോൾ തിരിഞ്ഞു നോക്കി.
എടാ അവൾക്ക് പൂർണ സമ്മതമാണ്. മാത്രമല്ല മറ്റെല്ലാരെക്കാൾ കൂടുതൽ അവളും ആഗ്രഹിക്കുന്നത് ഇതുതന്നെയാ. ചെല്ല് അവൾ നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്.

നിർവികാരിതനായി ഞാൻ അവളടുത്തേക്ക് ചെന്നു. അവളുടെ അടുത്തിരുന്നു.
മാറ്റ് കുറഞ്ഞൊരു പുഞ്ചിരിയോടെ എന്റെ കണ്ണിലേക്ക് ഇമചിമ്മാതെ നോക്കി നിൽക്കുകയാണ് അവൾ. തിളക്കം നഷ്ട്ടപ്പെട്ട അവളുടെ കണ്ണിൽ ഒരു കുമ്പിൾ വെള്ളം നിറഞ്ഞിരിക്കുന്നു.

സെഫി.. അവളെ തലോടിക്കൊണ്ട് ഞാൻ പതിയെ വിളിച്ചു.
എന്റെ വിളിയിൽ അവളുടെ വരണ്ട ചുണ്ടിലെ പുഞ്ചിരി ഒന്നൂടെ വിടർന്നു. ഒപ്പം അവളുടെ കണ്ണിൽ തളം കെട്ടിയ കണ്ണുനീർ കവിളിനെ ചുംബിച്ചിറങ്ങാനും തുടങ്ങി.

എനിക്ക് വിഷമൊന്നും ഇല്ല ഇക്ക. സന്തോഷമേയുള്ളൂ. ഇക്കാടെ സന്തോഷങ്ങളല്ലേ എന്നെയും സന്തോഷിപ്പിക്കുന്നത്. അതുകൊണ്ട് എനിക്ക് പൂർണ സമ്മതമാണ്. ഇക്ക മറ്റൊരു കല്യാണം കഴിക്കണം സന്തോഷത്തോടെ ജീവിക്കണം. അതുകണ്ടിട്ടുവേണം എനിക്ക് കണ്ണടക്കാൻ. ഞാൻ പോയാലും ഇക്ക ഒറ്റക്കാവില്ലല്ലോ എന്ന സമാധാനത്തിൽ മരിക്കാലോ.
ഷാഫിക്ക വന്നു പറഞ്ഞപ്പോൾ ആദ്യമൊരു ഞെട്ടലുണ്ടായിരുന്നു. എന്നെകൊണ്ട് ഇക്ക മടുത്തോ എന്നൊരുതോന്നൽ. പക്ഷെ എനിക്കുറപ്പാണ് ഇക്കാക്ക് ഇപ്പോഴും എന്നോട് ഒരു തരി പോലും സ്നേഹം കുറഞ്ഞിട്ടില്ലെന്ന്. ഇനിയൊരിക്കലും കുറയില്ലെന്ന്.

ഞാൻ ഭാഗ്യവതി അല്ലെ ഇക്ക..
കുറച്ചു നാൾ ആണെങ്കിലും ആരും മോഹിക്കുന്ന ഒരു ജീവതം കിട്ടിയില്ലേ എനിക്ക്.
ഇക്കയെ കിട്ടിയില്ലേ.. ജീവിതകാലം മുഴുവൻ താലോലിക്കാനുള്ള ഓർമകളെ കിട്ടിയില്ലേ.. അത്രയും മതി എനിക്ക്.

പിന്നെ ഞാൻ എന്റെ ഒരാഗ്രഹം പറഞ്ഞാൽ ഇക്ക സമ്മതിക്കണം. ഇക്കാടെ കല്യാണം കഴിഞ്ഞാൽ എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടാക്കണം..
പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന ആ പെൺകുട്ടിയുടെ മുന്നിൽ ഒരു ശകുനമായി ഞാൻ നിൽക്കുന്നത് ശരിയല്ലല്ലോ. അത് അവൾക്ക് ഇക്കയോട് വെറുപ്പ് തോന്നാൻ കാരണമാകും.
ഞാൻ കാരണം ആരും ഇക്കയെ വെറുക്കരുത്. അതെനിക്ക് നിർബന്ധമുണ്ട്, അതുകൊണ്ട് എന്റെ ഈ അവസാനത്തെ ആഗ്രഹം ഇക്ക സാധിച്ചുതരണം.

അവളുടെ കയ്യിൽ എന്റെ കൈ കോർത്ത് ഒരു മുത്തം കൊടുത്തു ഒന്നും പറയാതെ ഞാൻ പതിയെ പുറത്തേക്കിറങ്ങി ഇക്കയുടെ അടുത്തേക്ക് ചെന്നു.
എന്താ ഷാനു. അവൾ സമ്മതിച്ചില്ലേ..
ഇനി ഞാൻ ബ്രോക്കറോട് പറയട്ടെ നിനക്ക് ഒരു പെണ്ണിനെ കണ്ടെത്താൻ..
ഉം.. ഇക്ക പറഞ്ഞോ..
പക്ഷെ പറയുന്നത് എന്റെ സഫിയയെ നോക്കാനുള്ള ഒരു വേലക്കാരിയെ കൊണ്ടുവരാനാവണം..
എന്നുവെച്ചാൽ..?
എന്നുവെച്ചാൽ എന്റെ സഫിയയെ മറന്നു മറ്റൊരു ജീവിതം എനിക്ക് വേണ്ടാന്ന്.. അല്പം ഉച്ചത്തിലാണ് ഞാൻ അത് പറഞ്ഞത്.
എനിക്ക് പറ്റൂല ഇക്ക…
അവളെ ഈ കിടപ്പിൽ ഒറ്റക്കാക്കാൻ നിക്ക് കയ്യൂല… ഞാൻ തിരിച്ചുകൊണ്ടുവരും അവളെ. എനിക്ക് വേണം അവളെ..
അവളെന്നോട് എന്താ പറഞ്ഞത് എന്നറിയോ ഇക്കാക്ക്. എന്റെ സന്തോഷത്തിന് അവൾ മാറിത്തരാം എന്ന് ചിരിച്ചോണ്ട് അവളിൽ പറയുമ്പോഴും എനിക്കറിയാം ഓൾടെ ഉള്ള് നീറാണെന്ന്.. അതെനിക്ക് കാണാം.

ഇക്ക കൊണ്ടുവരുന്ന നൂറ് പെണ്ണുങ്ങൾക്ക് പകരമാവില്ല അവളുടെ ഒരു നുള്ള് സ്നേഹം. അതുകൊണ്ട് ഈ കാര്യം പറഞ്ഞു ഇക്ക എന്നല്ല ഒരാളും എന്നെ കാണാൻ വരണ്ട. എനിക്കെന്റെ സഫിയ മതി. ഈ ലോകത്തല്ല അടുത്ത ലോകത്തും.

ഇത്രയും പറഞ്ഞു തളർന്നിരിക്കുന്നു എന്റെ തോളിൽ ഇക്കയുടെ കൈ വീണു.
ക്ഷമിക്കടാ. നീയിങ്ങനെ നീറിക്കഴിയുന്നത് കണ്ടപ്പോൾ അത് കാണാൻ കഴിയാഞ്ഞിട്ട് ഞാൻ അറിയാതെ പറഞ്ഞുപോയതാ.. അവളെ നമ്മൾ പഴയ സഫിയയാക്കി തിരിച്ചു കൊണ്ടുവരും. പടച്ചോൻ ഓളെ കൈവിടില്ല.
പതിയെ ഞാൻ കണ്ണുതുടച്ചു ഇക്കയുടെ കയ്യിൽ മുറുകെ പിടിച്ചു.
അപ്പോൾ അകത്തുനിന്നും സന്തോഷത്തിന്റെ ഒരു തേങ്ങൽ കേൾക്കുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published.